മാസ്‌ക്

ഇരമ്പിയെത്തുന്ന തിരമാലകളെ വരവേൽക്കുവാൻ പാഞ്ഞെടുക്കുന്ന ഒരായിരം പാദങ്ങൾ ഇന്ന് അപ്രത്യക്ഷമാണെന്ന മുന്നറിയിപ്പുമായി ഊക്കോടെയെത്തിയ കാറ്റ്, പരിഭവിച്ചാവണം…തന്റെ സ്ഥിരം കുസൃതികളെ കവെർന്നെടുത്ത ഇത്തിരികുഞ്ഞൻ വൈറസ്സിനോടുള്ള വൈര്യം തീർക്കുന്നത് , ഇരുണ്ട വെളിച്ചത്തിലാണെങ്കിലും ഞാൻ കണ്ടു..
പ്രകൃതിയെ പകുത്തുതിന്നുന്ന ആർത്തിപൂണ്ട മനുഷ്യന്റെ സാമിപ്യം നന്നേ കുറഞ്ഞപ്പോൾ , അവക്കുണ്ടായ വീർപ്പുമുട്ടലുകൾ നമ്മോടുള്ള കറകളഞ്ഞ സ്നേഹമാണെന്നുറക്കെ വിളിച്ചുപറയുവാൻ, മനുഷ്യന്റെ കർണപടത്തിൽ മുഴങ്ങുന്ന സീൽകാരമായി പരിണമിക്കുന്ന മാത്രയിൽ എന്റെ ശബ്ദം ഉയർന്നില്ല…
ഹാ ഇനി എത്ര നാൾ, ഈ ദുരന്തമുഖത്തിൽ നിന്നും ഏറ്റുവാങ്ങേണ്ട ദുർഘടങ്ങൾ കഠിനം തന്നെ…
എന്നിരുന്നാലും ഞാൻ  സുരക്ഷിതനാണ്….എന്നെ പോലെ കുറച്ച്പേർ കൂടിയുണ്ട്…എല്ലാവർക്കും ഞങ്ങളെ മതിപ്പാണുതാനും….അതിനിടയിൽ വലിയൊരു കഥ തന്നെയുണ്ട്… ഒരു മാസ്‌ക് കഥ…

‘ഉണ്ണായി സർ കൊണ്ടു വന്നതാ വടക്കൂന്ന് നല്ല വിലപിടിപ്പുള്ള, മിനുസമുള്ളത്.. പക്ഷെ ഇതാരുമിപ്പോൾ ഉപയോഗികണ്ട..നശിപ്പിക്കാൻ ഞാൻ സമ്മതിക്കയില്ല..’

നെറുകയിൽ തിരുകിയ ഉപ്പിലിട്ട നെല്ലിക്ക ഉറിഞ്ചികൊണ്ട് കേശു അമ്മയെ ദയനീയമായി നോക്കി…
ദ്വാരങ്ങൾ അലങ്കാരമായി തോന്നിയ അയഞ്ഞുപോകുമായിരുന്ന വള്ളിനിക്കറിന് മുകളിൽ അവൾ പുതുതായി തയ്ച്ച ഉടുപ്പ് അണിയിപ്പിച്ചുകൊണ്ട് പറഞ്ഞു…

ഈ ആവശ്യവുമായി നിന്നെ പറഞ്ഞുവിട്ടത് ആരെന്നെനിക്ക് മനസിലായി… എന്റെ പൊന്നു മക്കളെ..രാത്രിയിൽ സ്വസ്ഥമായി ഉറങ്ങുവാൻ ഈ ചോർന്നലിക്കുന്ന , ദ്രവിച്ചുതുടങ്ങിയ  ഭിത്തികളും.. ഇഴകൾ പൊട്ടി…കീറലുകൾ വന്ന വിരിപ്പും, മറ്റൊന്ന് വാങ്ങുവാനുള്ള ശേഷിയില്ലാത്തതുകൊണ്ടല്ലേ..ഈ അവസ്ഥയിലും’….

ദുഃഖഭാരം അവളുടെ കൈകളിലെ തഴമ്പിച്ച പാടുകളിന്മേൽ നിഴലിച്ച്കാണാമായിരുന്നു…
കണ്ണൻ ഓടിയെത്തി…

അമ്മേ മാളുചേച്ചി തന്നതാ… നെല്ലിക്ക… ലേശം കൈപ്പിണ്ട്…ഉപ്പുപിടിച്ചിട്ടില്ല…ദാ കഴിക്ക്..

ഉമ്മറക്കോലയിൽ  നിന്ന് അമ്മയുടെ ദൈന്യം അവനും കേട്ടിരുന്നു…
മുത്തശ്ശിയുടെ തടിപെട്ടിക്കകത്തിരുന്ന് ശ്വാസമുട്ടുമ്പോഴാവും കണ്ണനും കേശുവും… എന്നെ തലോടുകാൻ വരിക.
ഭംഗിവാക്കുകൾ പറഞ്ഞു മോഹിപ്പിച്ചിട്ട് പിന്നെയും അകത്തേക്ക് തന്നെ… ഈ വിരിപ്പിനോടും ആ കുഞ്ഞുമനസ്സുകൾക്ക് എന്ത് സ്നേഹമാണ്..ദാരിദ്ര്യവും ഒരു ഭംഗിതന്നെ…
ദിവസങ്ങൾ കടന്നുപോയി… ഒരു വലിയ മഹമാരിയുടെ വരവും, മുൻകരുതലുകളും, മാസ്കും വളരെ  ഭീമമായ മാറ്റങ്ങൾ സൃഷ്ടിച്ചു..

‘പെട്ടന്ന് കുറച്ച് മാസ്കുകൾ വേണമല്ലോ…
അമ്മേ അമ്മക്ക് മാസ്‌ക് തയ്ച്ച്കൂടെ എന്ന് മാളുച്ചേച്ചി ചോദിച്ചു… ചെറിയ വരുമാനം ആകുമല്ലോ എന്ന്..
കടലോരത്ത് പലഹാരം വിൽക്കുമ്പോൾ നമുക്ക് മാസ്‌ക് കൂടി വിൽക്കാം’…
ശരിയാണ്..ഈ ദിനങ്ങളിൽ ഇത്തരത്തിൽ പരിഹാരമാർഗം ചെയ്യുകയെ വേണ്ടു’…

പിന്നെയും ശൂന്യമായിരുന്നു അവളുടെ മനസ്സ്.. മാസ്‌ക് തയ്ക്കുവാൻ… നല്ല കട്ടിയുള്ള തുണി വേണ്ടിവരും..അതും വൃത്തിയുള്ളത്…

പിന്നെ പറയേണ്ടതില്ലല്ലോ പഴയ അയൽക്കാരനായിരുന്ന ഉണ്ണായി സർ ന്റെ സ്നേഹസമ്മാനം… സ്നേഹമാസ്‌ക് ആയി മാറി…
കണ്ണനും കേശുവിനും ഇപ്പോൾ എന്നോട് ഒരുപാട് സ്നേഹമാണ്… അവർ എവിടെ പോയാലും എന്നെയും കൂടെക്കൂട്ടും.. വൃത്തിയാക്കി വെക്കും…
ഒരു പുതിയ വിശേഷമെന്തെന്നാൽ അവർക്ക് പുത്തൻ വിരിപ്പ് കിട്ടി..മാസ്‌കും, പലഹാരവും വിറ്റ പണം കൊണ്ട് ചെറിയ വിലയിൽ, നല്ല മിനുസമുള്ള ഒന്ന് ‘അമ്മ വാങ്ങി നൽകി…കടൽകാറ്റിന്റെ നനുത്ത സ്പർഷം ആ രാവിൽ അവരുടെ ഉറക്കം കെടുത്തിയില്ല……ഹാ എന്ത് മാറ്റമാണ് ഉണ്ടായത്..വൈറസിനെ നേരിടുവാൻ ഞാൻ ഇപ്പോൾ എല്ലാവർക്കും കവചമാണ്, കരുതലാണ്…എന്നിട്ടും…

‘അമ്മേ എന്റെ മാസ്‌ക് എടുത്തെ..സാനിട്ടൈസറും സോപ്പും ഞാൻ വാങ്ങിയിട്ട് വരാം ‘അമ്മ പോകണ്ട…’ കണ്ണൻ ഉറക്കെ പറഞ്ഞു’…

ഞാൻ ഉത്സാഹഭരിതനായി…

                                    

5 thoughts on “മാസ്‌ക്

  1. പഴമയുടെ മുഖമുള്ള കഥയിലേക്ക് മാസ്ക് വന്നു പുതുമയുള്ളൊരു വിഷയമായി !

    പുതുമയുള്ള കഥ, നല്ല ആശയം ! ആശംസകൾ !

    Liked by 1 person

Leave a comment

Design a site like this with WordPress.com
Get started